പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഡബ്‌ള്യു.എം.എഫ് ഓസ്ട്രിയ പ്രൊവിന്‍സിന് തുടക്കം


വിയന്ന: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായൊരു നെറ്റ്‌വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയുടെ ഓസ്ട്രിയ പ്രൊവിന്‍സ് നിലവില്‍ വന്നു. മധ്യയൂറോപ്പിലെ ആദ്യത്തെ ചാപ്റ്ററാണ് നവംബര്‍ 18ന് ജീവിത നിലവാര സൂചികയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ നഗരമെന്ന സ്ഥാനം നിലനിറുത്തുന്ന വിയന്നയില്‍ രൂപീകരിച്ചത്. സംഘടനയ്ക്ക് ഇതിനോടകം ലോകവ്യാപകമായി 35 രാജ്യങ്ങളില്‍ സാരഥ്യം നിലവില്‍ വന്നിട്ടുണ്ട്.

വിയന്നയിലെ പ്രോസി സമുച്ചയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി ഓസ്ട്രിയയില്‍ എത്തിയ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഡബ്‌ള്യു.എം.എഫിന്റെ ഓസ്ട്രിയ പ്രവിശ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്ററും പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ നിന്നുള്ള നയതന്ത്രജ്ഞന്‍ അമീര്‍ പിച്ചാന്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഒമാനില്‍ നിന്നും മുനവ്വറലി ശിഹാബ് തങ്ങളെ അനുഗമിച്ച വിദ്യാഭ്യാസവിദഗ്ദ്ധന്‍ ഡോ. അബ്ദുള്ള സബാഹി വിശിഷ്ട അതിഥിയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും, അത് പങ്കുവയ്ക്കുവാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഇന്ന് ലോകത്ത് ആവശ്യമെന്നും, സഹായം ആവശ്യമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ ആണെങ്കില്‍പോലും കൈത്താങ്ങായിതീരാന്‍ പ്രവാസി മലയാളികള്‍ക്ക് സാധിച്ചാല്‍ ഡബ്‌ള്യു.എം.എഫ് വിഭാവനം ചെയ്യുന്ന കൂട്ടായ്മയുടെ സംസ്‌കൃതി ലോകം മുഴുവന്‍ കാട്ടുതീപോലെ പടരുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാ മലയാളികളെയും മാനവസ്‌നേഹമെന്ന വികാരത്തിന്റെ കുടക്കീഴില്‍ അണിചേര്‍ക്കാനും ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, മതാത്മക ചേരിതിരിവും, മൗലിക ചിന്താഗതികളുമടക്കമുള്ള ഭിന്നതകള്‍ മാറ്റിവച്ച് എല്ലാ പ്രവാസികള്‍ക്കും ഒരുമിക്കാനുള്ള വേദി കൂടിയായി ഡബ്‌ള്യു.എം.എഫ് മാറണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

സംഘടനയുടെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചാണ് വിശിഷ്ട അതിഥികളെ വേദിയില്‍ സ്വീകരിച്ചത്. മലയാളികളുടെ ഇടയില്‍ നിന്നും അസീസ് ആശംസകള്‍ അര്‍പ്പിച്ചു. തോമസ് പടിഞ്ഞാറേക്കാലായില്‍ സ്വാഗതവും, സാബു ചക്കാലയ്ക്കല്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ ആദ്യ അംഗത്വം ആമിര്‍ പിച്ചാന് നല്‍കി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അറുപതിലധികം അംഗങ്ങള്‍ സംഘടനയുടെ ഭാഗമായതായും, വനിതാഫോറവും, യൂത്ത് ഗ്രൂപ്പും രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡബ്‌ള്യു.എം.എഫിന്റെ ക്രിസ്മസ് പുതുവത്സര പരിപാടി ജനുവരി 2ന് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.


ഭാരവാഹികളായി തോമസ് പടിഞ്ഞാറേകാലായില്‍ (പ്രസിഡന്റ്), സാബു ചക്കാലയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), സഞ്ജീവന്‍ ആണ്ടിവീട് (ട്രഷറര്‍), ടോമിച്ചന്‍ പാറുകണ്ണില്‍ (കോര്‍ഡിനേറ്റര്‍), ജേക്കബ് കീക്കാട്ടില്‍ & അവറാച്ചന്‍ കരിപ്പക്കാട്ട് (വൈസ് പ്രസിഡന്റുമാര്‍), പോള്‍ കിഴക്കേക്കര & റെജി ജോണ്‍ മേലഴകത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), മാത്യു പള്ളിമറ്റത്തില്‍ (ഓഡിറ്റര്‍), ബേബി തുപ്പത്തി (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), തോമസ് കാരയ്ക്കാട്ട് (ചാരിറ്റി കണ്‍വീനര്‍), ബിജു മാളിയേക്കല്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മറ്റു പതിനെട്ട് പേരെയും തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: പ്രിന്‍സ് പള്ളികുന്നേല്‍, ജോഷിമോന്‍ എറണാകേരില്‍, വര്‍ഗീസ് പഞ്ഞിക്കാരന്‍, അസിസ്സ് പുള്ളോര്‍ശ്ശങ്ങാടന്‍, ഡെന്നിസ് ചിറയത്ത്, മാര്‍ട്ടിന്‍ ജോര്‍ജ്, നിജോ സെബാസ്റ്റ്യന്‍, ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍, റിന്‍സ് നിലവൂര്‍, സിജിമോന്‍ പള്ളികുന്നേല്‍, സ്റ്റീഫന്‍ ചെവ്വൂകാരന്‍, ജോര്‍ജ് ജോണ്‍, വര്‍ഗീസ് വാളൂര്‍ക്കാരന്‍, സിറോഷ് ജോര്‍ജ്, വിനു കളരിത്തറ, ബാബു തട്ടില്‍ നടക്കലാന്‍, സണ്ണി മണിയഞ്ചിറ, സാബു മാരേട്ട്.