ഹുമാ ഖുറേഷിയെ വ്യത്യസ്ഥയാക്കുന്ന 5 കാര്യങ്ങള്‍


സൗന്ദര്യത്തിനും മേനി അഴകിനും ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് സിനിമാ മേഖലയില്‍ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് വ്യത്യസ്തയാണ് ഹുമാ ഖുറേഷി. വണ്ണവും ഉയരവും കൂടിയ ശരീരാകൃതിയാണ് ഹുമയുടേത്. ബോളിവുഡില്‍ ഒരു നായികനടിക്കു വേണ്ട ‘ബാര്‍ബീഡോള്‍’ മേനിയഴക്കൊന്നും ഹ്യൂമയ്ക്കില്ല. തന്റെ ശരീരാകൃതിയെ കുറിച്ചുള്ള വിലകുറഞ്ഞ പരാമര്‍ശങ്ങളില്‍ അക്ഷോഭ്യയായി അനുയോജ്യമായ വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്തു മുന്നേറുകയാണ് ഹുമ ഖുറേഷി. 2012ല്‍ ഗ്യാങ്‌സ് ഓഫ് വസ്സേപൂറിലൂടെയാണ് ഹുമ സിനിമയില്‍ എത്തുന്നത്. പിന്നീട് ഡി ഡേ, ഇഷ്‌കിയ, ബദ്ലാപൂര്‍, ഹൈവേ, ജോളി ബി എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ നല്ല നായിക വേഷങ്ങള്‍ ചെയ്തു. 2017ല്‍ വൈസ്രോയി ഹൌസ് എന്ന ഇംഗ്ലീഷ് ചിത്രവും ചെയ്തു. 2018ല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കാലായില്‍ പ്രധാനവേഷത്തില്‍ എത്തുകയാണ് ഹുമ ഖുറേഷി.

ഹുമാ ഖുറേഷിയെ വ്യത്യസ്ഥയാക്കുന്ന 5 കാര്യങ്ങള്‍ എന്തൊക്കെ?

മികച്ച അവസരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുക:
അഭിനയമോഹവുമായി ഡല്‍ഹിയില്‍ നിന്ന് വണ്ടി കയറുമ്പോള്‍ കബാബ് കട നടത്തിക്കൊണ്ടിരുന്ന അച്ഛനോട് ഹുമ പറഞ്ഞത്, ‘സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍, അതിനു ശ്രമിക്കാന്‍ ഞാന്‍ ഇപ്പോള്‍ മുംബൈയിലേക്ക് പോയില്ലെങ്കില്‍ പിന്നീട് ജീവിതം മുഴുവന്‍ പശ്ചാത്തപിക്കേണ്ടി വരും.’ അങ്ങിനെ ആദ്യത്തെ ശ്രമം ഫലം കണ്ടു, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ രണ്ടു വര്‍ഷത്തെ കരാര്‍.

ഹ്യൂമയുടെ പ്രാഗല്‍ഭ്യം തിരിച്ചറിഞ്ഞ കണ്ണുകള്‍ ആരുടേത്:
പരസ്യചിത്രങ്ങളിലൂടെ ‘ഗാംഗ്‌സ് ഓഫ് വസ്സേപൂര്‍’ എന്ന ആദ്യ സിനിമയില്‍. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് സാംസങ് മൊബൈലിനു വേണ്ടിയുള്ള പരസ്യ ചിത്രീകാരണത്തിനിടയില്‍ ആണ് ഹുമയെ ശ്രദ്ധിക്കുന്നത്. തന്റെ അടുത്ത ചിത്രത്തിലേക്ക് എടുക്കും എന്ന് പറഞ്ഞെങ്കിലും ഹ്യൂമയ്ക്കു അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് അനുരാഗ് കശ്യപിന്റെ കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു.

എന്തും വെട്ടിത്തുറന്നു പറയുന്ന ശൈലി:
‘ബോളിവുഡില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശുദ്ധ നുണയാണ്.’ തന്റെ നിലപാടുകള്‍ എന്നും ശക്തമായി യാതൊരു ഭയാശങ്കയും കൂടാതെ പറയുന്ന വ്യക്തിയാണ് ഹുമ.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ശ്രദ്ധ:
ഒരുപാട് പണത്തിനു വേണ്ടി ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഹ്യൂമയ്ക്കു താല്പര്യം ഇല്ല. സിനിമയുടെ അന്തഃസത്തയും അതിന്റെ ചരിത്ര മൂല്യവും മനസിലാക്കുന്നു ഹുമ ഖുറേഷി. അതുകൊണ്ടു തന്നെ പിന്നീട് തലതാഴ്ത്തേണ്ടി വരുന്നതരം ഒരു സിനിമയും ഹുമ ചെയ്യാന്‍ മുതിരാറില്ല.

കടലും കടന്ന അഭിനയ ജീവിതം:
ലോര്‍ഡ് മൗണ്ട്ബാറ്റണിന്റെ കഥ പറഞ്ഞ ഇംഗ്ലീഷ് ചിത്രം ‘വൈസ് റോയ്സ് ഹൌസ്’ എന്ന ചിത്രത്തിലെ അഭിനയിച്ചതിലൂടെ ഹുമ തന്റെ സിനിമാ ജീവിതത്തിലെ സീമകള്‍ വിപുലീകരിച്ചു. വിദേശ ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍ പ്രതിഭകളെ സന്തോഷത്തോടെ സ്വീകരിക്കുകയാണ്.