സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് തകര്‍ത്തു വിരാട് കോഹ്ലി

വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിരാട് കോഹ്ലി പുറത്താകാതെ 111 റണ്‍സ് നേടി ടീം ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ വിരാട് നേടിയ 28 ല്‍ 18 സെഞ്ച്വറിയും ചേസ് ചെയ്തു നേടിയതാണ്. ഇതോടെ വിരാട് സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുന്നു. സച്ചിന്‍ 17 സെഞ്ച്വറികള്‍ മാത്രമാണ് ചേസ് ചെയ്തു നേടിയിട്ടുള്ളത്. 17 ചേസിംഗ് സെഞ്ചുറികള്‍ നേടാന്‍ സച്ചിന് 232 ഇന്നിംഗ്സുകള്‍ വേണ്ടിവന്നപ്പോള്‍ വിരാടിന് വെറും 102 ഇന്നിംഗ്സുകള്‍ മാത്രമാണ് വേണ്ടി വന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ കരിയറില്‍ നേടിയ അസാധ്യവും എണ്ണമറ്റതുമായ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ക്ക് ഒപ്പമെത്താന്‍ സാധ്യതയുള്ള ഏക കളിക്കാരന്‍ താനാണെന്ന് കോഹ്ലി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഏകദിന സെഞ്ച്വറികളില്‍ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിനെ മറികടക്കാന്‍ കേവലം 3 സെഞ്ചുറികള്‍ കൂടി മതി കോഹ്ലിക്ക്. എന്നാല്‍ സച്ചിനെ മറികടക്കാന്‍ ഇനിയും വേണം 22 സെഞ്ചുറികള്‍, 2023 ലോകകപ്പ് വരെയെങ്കിലും കളിക്കളത്തില്‍ ഉണ്ടാവണം ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍.

നിലവില്‍ സച്ചിന്‍ 49, പോണ്ടിങ് 30, വിരാട് 28, ജയസൂര്യ 28, ആംല 25 എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ നിലവിലെ ഫോമില്‍ സച്ചിന്റെ 51 ടെസ്റ്റ് സെഞ്ചുറികളെ മറികടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല, മാത്രമല്ല ദ്രാവിഡിന്റെ 36 ടെസ്റ്റ് സെഞ്ചുറികളും സുരക്ഷിതമാണെന്ന് വേണം കരുതാന്‍.