കേളി കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ ചാരിറ്റി ഷോ മാതൃകയായി
സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരികസംഘടനയായ കേളി സൂറിച്ചില്‍ ഒരുക്കിയ ചാരിറ്റി ഷോ അവിസ്മരണീയമായി. കേളിയുടെ അഭിമാന സാമൂഹ്യ പദ്ധതി ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡറിലെ കുട്ടികളാണ് കാരുണ്യ സ്പര്‍ശനമേറിയ ചാരിറ്റി ഷോ ഒരുക്കിയത്. മാര്‍ച്ച് 24ന് സൂറിച്ചിലെ ഹോര്‍ഗന്‍ ഹാളിലാണ് ചാരിറ്റി ഗാല നടത്തിയത്. ഹാള്‍ തിങ്ങി നിറഞ്ഞു സ്വിസ് സമൂഹം മലയാളി കുട്ടികളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കി.
ഇന്ത്യന്‍ രുചികളുടെ കലവറയുമായി ഡിന്നറും ഒരുക്കിയിരുന്നു. ഹെന്ന മുതല്‍ സാരി വരെ നല്‍കുന്ന വിവിധ പവിലിയനുകളും കുട്ടികള്‍ ഒരുക്കിയിരുന്നു. പൂര്‍ണ്ണമായും കുട്ടികള്‍ തന്നെ ഒരുക്കിയ ചാരിറ്റി ഷോ വഴി സമാഹരിച്ച തുക ഈ വര്‍ഷം കേരളത്തിലെ വിവിധ പദ്ധതികള്‍ക്കായി ചിലവഴിക്കും. നിലവില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി സഹായിക്കുക,ഉന്നത വിദ്യാഭാസത്തില്‍ മൈക്രോ ക്രെഡിറ്റ് പദ്ധതി, ആദിവാസി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയാണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ പദ്ധതിയിലൂടെ ചെയുന്നത്. വര്‍ഷം തോറും പതിനഞ്ച് ലക്ഷത്തോളം രൂപയുടെ സഹായം സ്വിസ് മലയാളി കുട്ടികള്‍ നല്‍കി വരുന്നു.
സ്വിസ്സിലെ കുട്ടികള്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയില്‍ താഴെ ജീവിക്കുന്ന പഠനത്തില്‍ മിടുക്കരായ കുട്ടികളെ വിദ്യാഭാസത്തില്‍ സഹായിക്കുന്ന പദ്ധതി ആണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍. സ്വിസ് സമൂഹവും സുമനസ്സുകളായ മലയാളികളും നല്‍കുന്ന പിന്തുണ ആണ് ഈ പദ്ധതിയുടെ അടിത്തറ. ഈ വര്‍ഷം മാതൃകാപരമായ പദ്ധതിയോട് സഹകരിച്ച് ഇന്ത്യന്‍ എംബസി അവരുടെ സ്റ്റാളും ഒരുക്കിയിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും പിന്തുണയും മലയാളി കുട്ടികള്‍ക്ക് അംഗീകാരവുമായി.
വിവിധങ്ങളായ ഇന്ത്യന്‍, സ്വിസ് കലാവിരുന്നും യുവസംഘടകര്‍ ഒരുക്കിയിരുന്നു. ഒരുക്കിയിരുന്നു. ആഷ്ലി പാലാത്രക്കടവിലും ഇസബെല്‍ ചെര്‍പ്പണത്തും പരിപാടികള്‍ മോഡറേറ്റ് ചെയ്തു.കേളി പ്രസിഡന്റ് ബെന്നി പുളിക്കല്‍ ആശംസകള്‍ നേര്‍ന്നു.സില്‍വിയ പറങ്കിമാലില്‍ പ്രോജക്ട് അവതരിപ്പിച്ചു. വീണ മാനികുളം നന്ദിയും പറഞ്ഞു.അഞ്ച് മണിക്ക് തുടങ്ങിയ ചാരിറ്റി ഗാല 10 മണിയോടെ പര്യവസാനിച്ചു.









